സർവകലാശാലയിൽ അക്കാദമിക രംഗത്തു സമൂല മാറ്റം ആവശ്യപ്പെട്ട് കെ പി സി ടി എ സെനറ്റ് അംഗങ്ങൾ
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ സെനറ്റ് യോഗത്തിൽ അക്കാദമിക് രംഗത്തെ വിവിധ വിഷയങ്ങളിൽ സമൂല മാറ്റം ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ പി സി ടി എ ) സെനറ്റ് അംഗങ്ങൾ.കാലിക്കറ്റ് സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ പരിചയ സമ്പന്നരായ പ്രൊഫസ്സർ/അസ്സോസിയേറ്റ് പ്രൊഫസ്സർ മാരെ ഉൾപ്പെടുത്തി പുനഃ സംഘടിപ്പിക്കണമെന്നു പ്രമേയം ഡോ ചാക്കോ വി എം അവതരിപ്പിച്ചു. പരിഗണിക്കാമെന്ന് വൈസ് ചാൻസലർ ഉറപ്പു നൽകി. സെനറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ സ്റ്റാട്യൂട്ടറി ബോഡികളിലേക്കു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒബ്സെർവർമാരെ നിയമിക്കണമെന്ന് ഡോ സുൽഫി പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ വിവിധ ഡിഗ്രി വിഷയങ്ങളിൽ വ്യത്യസ്ത ഡിസിപ്ലിനുകൾ തിരിച്ചറിയണമെന്നും ആ വ്യത്യസ്ത ഡിസിപ്ലിനുകളിൽ ആവശ്യമെങ്കിൽ ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കണമെന്നും ഡോ മനോജ് മാത്യൂസ്, ആവശ്യപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചെയ്യുന്ന വിധം ഓരോ ബോഡിന്റെ കീഴിലും വ്യത്യസ്ത ഡിസിപ്ലിനുകൾ തിരിച്ചറിഞ്ഞു ഇഷ്ടമുള്ള മൈനർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കണമെന്നും ഡോ ചാക്കോ വി എം ആവശ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയുടെ വിവിധ കോളേജുകൾ ഡിസ് അഫിലിയേറ്റ് ചെയ്ത സാഹചര്യത്തിൽ അപകടം മനസ്സിലാക്കിക്കൊണ്ട് പ്രോഗ്രാമുകളുടെയും കോഴ്സുകളുടെയും പേരുകളും സിലബസും മാറ്റി വിദ്യാർത്ഥി സൗഹൃദമാക്കണമെന്നും അതിനായി കമ്മറ്റി രൂപീകരിച്ചു എത്രയും പെട്ടന്ന് നടപടികൾ സ്വീകരിക്കണമെന്നും ഡോ ചാക്കോ ആവശ്യപ്പെട്ടു. ഗവേഷണ വിദ്യാര്ഥികളെക്കാൾ കൂടുതൽ ഗവേഷണ ഗൈഡുമാർ ഉള്ളത് സർവകലാശാല വേണ്ടവിധം വിദ്യാർത്ഥികളെ അഡ്മിറ്റ് ചെയ്യാത്തത് കൊണ്ടാണെന്നും യൂ ജി സി ഗവേഷണ യോഗ്യത നേടിയവരെ അഡ്മിറ്റ് ചെയ്യാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഗവേഷണ പ്രവർത്തനങ്ങൾക്കായി നല്ല തുക മാറ്റി വക്കുകയും ഗവേഷണത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുകയും ചെയ്താൽ നല്ല ഗവേഷണ റിസൾട്ട് ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാല സൗകര്യങ്ങൾ എയ്ഡഡ് കോളേജിലെ ഗവേഷകർക്കും തുറന്നു കൊടുക്കണമെന്നും കെ പി സി ടി എ സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ ഗവേഷണ ഗൈഡുകളാകാൻ യോഗ്യരായ രണ്ടോ അതിൽ കൂടുതലോ അധ്യാപകർ ഉള്ള ഡിപ്പാർട്മെന്റുകൾക്കു യൂ ജി / പി ജി കോഴ്സുകൾ ഇല്ലെങ്കിലും ബന്ധപ്പെട്ട ഡിപ്പാർട്മെന്റുകൾക്കു വേണ്ടി കോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെടുന്ന പക്ഷം ഗവേഷണ സെന്റർ അനുവദിക്കണം എന്നും കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ ഏതെങ്കിലും കാരണത്താൽ ഗവേഷണ സെന്ററുകൾ ഇല്ലാത്ത വിഷയങ്ങളിൽ അതാത് യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിൽ ഗവേഷണ ഗൈഡ് ആകാനുള്ള അവസരം ഒരുക്കണം എന്നും ഡോ സുനിൽകുമാർ ജി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെനറ്റ് യോഗം അത് അംഗീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിക്കപ്പെട്ടവർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിർകർഷിക്കുന്ന യോഗ്യതയുള്ളവരാണോ എന്ന് അടിയന്തിരമായി പരിശോധിക്കുകയും യോഗ്യതയുള്ളവർ മാത്രം പ്രസ്തുത സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന കാര്യം ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് ഡോ ജയകുമാർ ആർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെനറ്റ് യോഗം അത് അംഗീകരിച്ചു.
ED ക്ലബ്, ഇന്നോവേഷൻ സെന്റർ മുതലായ ക്ലബ്ബ്കളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ഡോ സുൽഫി പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെനറ്റ് യോഗം അത് അംഗീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ വിവിധ സെല്ഫ് ഫൈനാൻസിങ് കോളേജുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് യൂ ജി സി നിഷ്കർഷിക്കുന്ന അടിസ്ഥാന ശമ്പളം ഉറപ്പാക്കണമെന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഉള്ള നടപടികൾ കൈക്കൊള്ളണമെന്നും ഡോ ശ്രീലത ഇ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെനറ്റ് യോഗം അത് അംഗീകരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ കീഴിലെ കോളേജുകളിലെ വിവിധ റിസർച്ച് സെന്ററുകളിൽ ഗവേഷണം നടത്തുന്ന ഗവേഷക വിദ്യാർത്ഥികൾ സർവകലാശാലയുടെ തന്നെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതായതിനാൽ സർവകലാശാല പഠന സെന്ററുകളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന അതെ നിരക്കിൽ ഫെല്ലോഷിപ്പും ഗ്രാന്റും നൽകണമെന്ന് ഡോ ശ്രീലത ഇ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സെനറ്റ് യോഗം അത് അംഗീകരിച്ചു. സർവകലാശാല ക്യാമ്പസിലെയും അഫിലിയേറ്റഡ് കോളേജിലെയും 25 വീതം പേർക്ക് നല്കാൻ തീരുമാനം എടുത്തു.
കാലിക്കറ്റ് സർവകലാശാലയുടെ വെക്കേഷൻ കാലഘട്ടത്തിലെ പരീക്ഷ നടത്തിപ്പിനായി അഡിഷണൽ ചീഫ് സൂപ്രണ്ടുമാരെ നിയോഗിക്കണം എന്ന് ഡോ സുനിൽകുമാർ ജി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. .
2026-2027 ബഡ്ജറ്റ് പ്രസംഗം വായിക്കാതെ അതിലെ ചില ഭാഗങ്ങൾ മാത്രം പറഞ്ഞത് ഒരു ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല എന്നും. വെറും നൂറ്റി മുപ്പതു ലക്ഷം രൂപ മാത്രം ഗവേഷണത്തിനായി മാറ്റി വച്ചപ്പോൾ മിസ്സലേനിസ് ഇനത്തിൽ നാനൂറിൽ കൂടുതൽ ലക്ഷം രൂപ മാറ്റി വച്ചതു അഴിമതി കാണിക്കാൻ കാരണമാകുമെന്നും ഗവേഷണത്തിനും മറ്റുമായി കൂടുതൽ തുക മാറ്റി വെക്കണമെന്നും ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഡോ ചാക്കോ വി എം ആവശ്യപ്പെട്ടു.